സി. എച്ച്‌. അവാര്‍ഡ്‌
രാജ്‌ദീപ്‌ സര്‍ദേശായിക്ക്‌


കോഴിക്കോട്‌: കാലിക്കറ്റ്‌ പ്രസ്സ്‌ക്ലബും സി.എച്ച്‌. മുഹമ്മദ്‌ കോയ ജേര്‍ണലിസം ട്രസ്‌റ്റും സംയുക്തമായി നല്‍കുന്ന സി.എച്ച്‌. ജേര്‍ണലിസം അവാര്‍ഡിന്‌ സി.എന്‍.എന്‍. - ഐ.ബി.എന്‍. എഡിറ്റര്‍ ഇന്‍ ചീഫ്‌ രാജ്‌ദീപ്‌ സര്‍ദേശായി അര്‍ഹനായി. 1,11,111 രൂപയും ഫലകവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. ജനുവരി ആദ്യം കോഴിക്കോട്‌ വെച്ച്‌ നടക്കുന്ന ചടങ്ങില്‍ വെച്ച്‌ അവാര്‍ഡ്‌ വിതരണം ചെയ്യും. ദേശീയ മാധ്യമരംഗത്തെ എറ്റവും വലിയ അവാര്‍ഡാണിത്‌.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ദീലീപ്‌ സര്‍ദേശായിയുടെ മകനായ രാജ്‌ദീപ്‌ രാജ്യത്തെ ഏറ്റവും മികച്ച പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്‌. എന്‍.ഡി.ടി.വി.യുടെ പൊളിറ്റിക്കല്‍ എഡിറ്ററായി 1997ലാണ്‌ അദ്ദേഹം ടെലിവിഷന്‍ ജേര്‍ണലിസം രംഗത്തേക്ക്‌ വരുന്നത്‌. രാജ്‌ദീപ്‌ അവതരിപ്പിക്കുന്ന ബിഗ്‌ ഫൈറ്റ്‌ ടോക്ക്‌ ഷോ ഏറ്റവും മികച്ച ടെലിവിഷന്‍ പരിപാടികളിലൊന്നാണ്‌. എന്‍.ഡി.ടി.വി.യില്‍ നിന്നും പിന്നീട്‌ സ്വന്തമായി ചാനല്‍ തുടങ്ങിയ രാജ്‌ദീപ്‌ സി.എന്‍.എന്‍. -ഐ.ബി.എന്‍. എഡിറ്റര്‍ ഇന്‍ ചീഫാണിപ്പോള്‍. പത്രപ്രവര്‍ത്തകയായ സാഗരിക ഘോഷാണ്‌ ഭാര്യ.
സംസ്ഥാനത്തെ സാംസ്‌കാരിക - രാഷ്ട്രീയ - മാധ്യമ പ്രവര്‍ത്തനരംഗത്തെ തെരഞ്ഞെടുക്കപ്പെട്ട 50 പേരില്‍ നിന്ന്‌ നോമിനേഷന്‍ സ്വീകരിക്കുകയായിരുന്നു. എം.ടി. വാസുദേവന്‍ നായര്‍, ഒ.എന്‍.വി. കുറുപ്പ്‌, ടി.എന്‍. ജയചന്ദ്രന്‍, എന്നിവരടങ്ങുന്ന ജഡ്‌ജിംഗ്‌ പാനലാണ്‌ നോമിനേഷനുകളില്‍ നിന്ന്‌ അവാര്‍ഡ്‌ ജേതാവിനെ തെരഞ്ഞെടുത്തത്‌.
സി.എച്ച്‌. അവാര്‍ഡ്‌ ദേശീയതലത്തില്‍ നല്‍കാന്‍ തീരുമാനിച്ചതിന്‌ ശേഷം പ്രഫുല്‍ ബിദ്വായി, ടി.ജെ.എസ്‌. ജോര്‍ജ്‌ എന്നിവര്‍ക്കാണ്‌ അവാര്‍ഡ്‌ നല്‍കിയത്‌. ദൃശ്യമാധ്യമരംഗത്തെ ആദ്യത്തെ അവാര്‍ഡ്‌ ജേതാവാണ്‌ രാജ്‌ദീപ്‌.